2012, മേയ് 7, തിങ്കളാഴ്‌ച

നോ കൊലവെറി !!


കൊച്ചു കുട്ടികളുടെ ചുണ്ടില്‍ വരെ ഹിറ്റായി, ലഹരിയായി മാറിയ സിനിമാ ഗാനമാണ് " വൈ ദിസ്‌ കൊലവെറി..കൊലവെറി,...കൊലവെറി...കൊലവെറി..കൊലവെറി....വേറെ "വറി" എഴുതാന്‍ കിട്ടാഞ്ഞിട്ടോ, കൊലവെറി എഴുതി ലഹരി പിടിചീട്ടോ, അല്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ കണ്ടീട്ടോ എന്നറിയില്ല, പാട്ടു മുഴുവന്‍ കൊലവെറി !!!
ഈ പാട്ടും മൂളി നടക്കുന്നതിനിടയില്‍ പാട്ടിന്റെ വരി  "കൊലവെറിയില്‍" ബ്രേക്ക് ചെയ്ത് രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ചോദിച്ചു " ഈ കൊലവെറി" എന്നാല്‍ എന്താ. ?
പാട്ടുകളിലുള്ള വരികളെ കുറിച്ച് ഗൌരവമായി ചിന്തിക്കാത്ത ഞാന്‍ അസ്ഥാനത്തുള്ള ചോദ്യം കേട്ടു ഒരു കൊല കണ്ടെന്ന പോലെ  ഒന്ന് ഞെട്ടി !!
സത്യത്തില്‍ അപ്പോഴാണ്‌ ആ "വറിയുടെ"  "ഭംഗി ശ്രദ്ധിച്ചത്" ! അതെ ഈ കൊലവെറി എന്ന് പറഞ്ഞാല്‍ എന്താ ? അത്‌ അതാവശ്യമുള്ള രാഷ്ട്രീയക്കാര്‍ക്ക് മാത്രേ അറിയൂ എന്നാണ് ഒഞ്ചിയം പറയുന്നത്. സര്‍വസാധാരണമായ കൊലപാതകങ്ങള്‍ മീഡിയ ദിനേന ബ്രേക്ക് ഫാസ്റ്റ് വാര്‍ത്തകളിലൂടെ കേള്‍പ്പിച്ചു, കേള്‍പ്പിച്ച് കൊലപാതകങ്ങള്‍ക്ക് വരെ  ഒരു നിര്‍വികാരതയാണ്. സ്നേഹിക്കുന്നവര്‍ എന്തായാലും വാളെടുത്ത് കൊല്ലില്ല, സ്നേഹിച്ചു കൊല്ലുമെങ്കിലും ! അതുകൊണ്ട് തന്നെ  ടി പി ചന്ദ്രശേഖര്‍ എന്ന രാഷ്ട്രീയ നേതാവിനെ ഇല്ലായ്മ ചെയ്തവര്‍  അദ്ദേഹത്തിനെ ഇഷ്ടപെടാത്ത  പ്രതിയോഗികള്‍ തന്നെ ! ആരായിരിക്കും അത്‌ ?? 

കേരളത്തില്‍ രാഷ്ട്രീയക്കാരുടെ പലവിധ ബഹളങ്ങള്‍  ! മുള്ള് മൂത്ത മീനിന്റെയും, വരിക്കച്ചക്കയുടെയും, മൂപ്പിളമ തര്‍ക്കതിന്റെയുമൊക്കെ ജാതി, രാഷ്ട്രീയ ഭാഷയാണ്  ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന്റെ അടിസ്ഥാനം. കൊലപാതകങ്ങള്‍ വരെ രാഷ്ട്രീയ വളര്ച്ചക്കുപയോഗിക്കുന്ന  "കൊലവെറിയന്‍ നാടായി" മാറിയിരിക്കുന്നു കേരളം. ചിലരുടെ മരണം മറ്റു ചിലര്‍ക്ക് അതിജീവനത്തിന്റെ ഭാഷ്യമാനെന്നു എവിടെയോ വായിച്ചതോര്‍ക്കുന്നു. കൊല്ലുന്നവര്‍ക്ക് കൊല്ലപെടുന്നവന്റെ വേദന അറിയില്ല. അത്‌ കൊണ്ടു കൊല്ലുന്നവര്‍ കൊന്നു കൊണ്ടേയിരിക്കുന്നു. കൊല നടത്തി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇളിഭ്യ ചിരി ചിരിച്ചു നിര്‍വികാരതയോടെ അടുത്തവന്റെ  ഊഴം കാത്തു നില്‍ക്കുന്നവരെ "കൊട്ടേഷന്‍" എന്ന് പരിച്ചയപെടുന്ന കേരളം.   ഒരു ടെലിവിഷന്‍  പരസ്യത്തില്‍ പറയുന്ന പോലെ "കാര്യങ്ങള്‍ മാറുകയാണ്" ! കേരളത്തില്‍ !നിയമത്തെ നിര്മിക്കുന്നവര്‍ നിയമത്തെ നിലനിര്തെണ്ടാവര്‍ തങ്ങളുടെ അധികാരത്തെ ഏത് വിധമാണ് ഉപയോഗിക്കുന്നത്. പരസ്പരം കണക്കു തീര്‍ക്കുവാന്‍ കൊലപാതകങ്ങള്‍ നടത്തുവാനെങ്കില്‍ , തീര്‍പ്പ് കല്‍പ്പിക്കുന്നത്  പക പോക്കലുകളില്‍ കൂടിയാണെങ്കില്‍ നിയമത്തെ തന്നെയാണ് അത്‌ വെല്ലു വിളിക്കുന്നത്‌ ! കട്ടവര്‍ ശിക്ഷ കഴിഞ്ഞു വീണ്ടും കട്ട്  കൊണ്ടിരിക്കുകയും, അഴിമതി നടത്തിയവര്‍, ശിക്ഷ കഴിഞ്ഞു വീണ്ടും അഴിമതി നടത്തികൊണ്ടിരിക്കുകയും, കൊന്നവന്‍ ശിക്ഷ കഴിഞ്ഞു വീണ്ടും കൊന്നു കൊണ്ടിരിക്കുകയും ചെയ്യുന്നെങ്കില്‍ നിയമവും ശിക്ഷയും എന്നത്  വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ബ്രെഡ്‌ മോഷ്ടിച്ച് തിന്ന ജീന്‍ വാല്‍ജീന്റെ നേരെ മാത്രം കുറച്ചു കൊണ്ടിരിക്കും. 

ഒരു കൊലപാതകം,  ഒരു കുടുമ്പത്തെ, അവരുടെ കുടുംപങ്ങളെ, അവരെ സ്നേഹിക്കുന്നവരെ  ജീവിതം മുഴുവന്‍ കണ്ണീരനിയിക്കുന്നു! കൊല നടത്തുന്നവരെ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട് ! രാഷ്ട്രീയതിനാതീതമായ സാമൂഹിക ബന്ധങ്ങളെ നിലനിര്‍ത്തുന്ന രാഷ്ട്രീയമാണ് ഉണ്ടായി വരേണ്ടത്.  പരസ്പരം ആക്രമിക്കുന്ന വൈകാരിക രാഷ്ട്രീയ ഗുണ്ടായിസങ്ങള്‍ക്ക് പകരം പ്രബുദ്ധരായ രാഷ്ട്രീയ  അണികളെയാണ്  ജനാധിപത്യരാഷ്ട്രീയത്തില്‍ ആവശ്യം. അത്‌ കൊണ്ടു നമ്മുടെ നാട്ടില്‍  ഇനിയൊരു കൊലവെറിയരുത് !രാഷ്ട്രീയത്തിന്റെ പേരിലെങ്കിലും !!