2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

വിശുദ്ധ മുടിയുടെ രാഷ്ട്രീയം !


ഒരു കാര്യത്തെ അന്ധമായി വിശ്വസിക്കുന്നതും, വിശ്വസിക്കാതിരിക്കുക എന്നതും ഒരു പോലെയാണ്. രണ്ടിടത്തും ബുദ്ധിയെ ശരിയായ രീതിയില്‍ ഉപയോഗിക്കപെടുന്നില്ല എന്നത് കൊണ്ടു ! മനുഷ്യരില്‍ ദൈവത്തിലും, അതുമായി ബന്ധപെട്ട മത വിശ്വാസങ്ങളിലും അങ്ങിനെയാണ്. അതുകൊണ്ടാണ് കുര്‍ ആന്‍ മനുഷരോട് ആവശ്യപെടുന്നത്, പ്രപഞ്ച സൃഷ്ടാവിനെ അറിയുവാന്‍, ആകാശഭൂമികളെ പറ്റി, അവയുടെ സഞ്ചാരത്തെ പറ്റി, രാപകലുകള്‍ ആവര്‍ത്തിച്ചു വരുന്നതിനെ പറ്റി, സൃഷ്ടികളെ പറ്റി നിങ്ങള്‍ നിരീക്ഷിക്കുക, മനുഷ്യന് നല്‍കപെട്ട ചിന്തിക്കാനുള്ള കഴിവ് കൊണ്ടു ചിന്തിക്കുക ! പഠിക്കുക ! നിങ്ങള്‍ ചിന്തിക്കാതതെന്തു ! പറഞ്ഞു വരുന്നത്, മനുഷ്യന്‍ തങ്ങളുടെ ചിന്തയെ ഉപയോഗിച്ചില്ലെങ്കില്‍ തങ്ങളെ ചൂഷണം ചെയ്യപെടാനുള്ള സാധ്യതകള്‍ അവര്‍ തന്നെ ഒരുക്കുന്നു എന്നാണ് !



ഇവിടെ മുസ്ലിം സമൂഹത്തില്‍, ഒരു സുപ്രഭാതത്തില്‍ വിശുദ്ധ തിരുമുടി എന്ന ലേബലില്‍ അവതരിപ്പിക്കപെട്ട മുടി വിവാധങ്ങല്‍ക്കിടം നല്‍കി പ്രതിഷ്ടിക്കപെടുകയാണ് ! മറ്റുള്ളവര്‍ക്കൊപ്പം വ്യാജ ആത്മീയതക്കെതിരെ ശബ്ദിക്കുകയും, പ്രസങ്ങിക്കുകയും ചെയ്യുന്ന അറിയപെടുന്ന പുരോഹിതന്‍ തന്നെയാണ് ഈ നവ-കോര്പരെട്റ്റ് ആത്മീയതയുടെ പ്രോജെക്റ്റ്‌ അവതരിപ്പിചീട്ടുള്ളത്. തന്നെ സമൂഹത്തില്‍ നില നിര്‍ത്തിയ സമൂഹത്തിന്റെ അന്ജതയെ മുതലെടുത്ത്‌, കമറുല്‍ ഉലമ, ശൈക്കുന എന്നൊക്കെയുള്ള താന്‍ സൃഷ്ടിച്ച തന്റെ ആത്മീയ വ്യക്തി പ്രഭാവത്തില്‍ നിന്നു കൊണ്ടു കോടികള്‍ ചിലവഴിച്ചുള്ള ഒരു പ്രോജെക്ടിലേക്ക് "ഒരു മുടി" കാരണമായി കൊണ്ടു വരുന്നതിന്റെ ലക്‌ഷ്യം പൊതു സമൂഹം തിരിച്ചരിഞ്ഞുവെങ്കിലും, മറ്റു മത സമൂഹത്തില്‍ ഉള്ളത് പോലെ തന്റെ ചുറ്റുമുള്ള സമൂഹത്തിലും അന്ധവിശ്വാസങ്ങള്‍ക്ക് വളകൂറുണ്ട് എന്ന തിരിച്ചറിവാണ് കാന്തപുരം ഈ മുടിയുടെ കോര്പരെട്ടു പ്രതിഷ്ഠ യിലൂടെ സ്ഥാപിക്കുന്നത് !



പുണ്യവാളന്മാരെ ആരാധിക്കുന്ന, അവരുടെ തിരുശേഷിപ്പുകള്‍ ഭക്തിപൂര്‍വ്വം ദര്‍ശിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും, തങ്ങളുടെ ഉധിഷ്ട കാര്യങ്ങള്‍ക്ക് ഉപകാര സ്മരണ അര്‍പ്പിക്കുന്ന അവരുടെ വിശ്വാസത്തിനും, ഹൈന്ദവ വിശ്വാസത്തില്‍ പുരാണത്തെ ആസ്പദമാക്കിയുള്ള ദര്‍ശന പുണ്യവുമായി ഐക്യപെടുന്ന രീതിയില്‍ തങ്ങളുടേതായ പുതിയ കണ്ടു പിടുത്തങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ ഇസ്ലാമില്‍ പരീക്ഷിക്കുന്നു എന്നാണ് തറകല്ലിടപെട്ട "അസാറേ മസ്ജിദ്" വിളിച്ചു പറയുന്നത് ! "വിശുദ്ധ മുടിയുടെ"യോ, മറ്റു തിരുശേഷിപ്പുകലുടെയോ ദര്‍ശന പുണ്യത്തിനുള്ള സാന്നിധ്യം അന്യമാക്കിയതിന്റെ പ്രവാചക ലക്ഷ്യതിനെതിരെയാണ് ഈ "തിരുമുടി"എന്ന് കോടികണക്കിന് വിശ്വാസികള്‍ വന്നു പോകുന്ന മസ്ജിദുല്‍ ഹറം ലോകത്തോട്‌ വിളിച്ചു പറയുന്നത് ! അതൊന്നും കേള്‍ക്കാനോ, ചിന്തിക്കാനോ പാകമല്ലാത്ത ഒരു അനുയായി വൃന്ദത്തിന്റെ വൈകാരിക വിശ്വാസത്തെ മുതലെടുത്ത്‌ കൊണ്ടാണ് മുടി പള്ളി ഉയരാന്‍ പോകുന്നത് ! ആയിര കണക്കിന് പള്ളികള്‍ ഉള്ള കേരളത്തില്‍ ഒരു പൈസ പോലും പിരിക്കാതെ അങ്ങിനെയൊരു "തിരുശേഷിപ്പ്" ആവശ്യമെങ്കില്‍ സൂക്ഷിക്കാം എന്നിരിക്കെ, കോടികള്‍ പിരിച്ചെടുത്തു ഒരു പ്രൊജെക്ടിനു തറകല്ലിടുന്നതിന്റെ ലക്‌ഷ്യം പ്രവാചക സ്നേഹമല്ലെന്നും, ആധുനിക റിയല്‍ എസ്റെടു കൃഷിയിലെക്കുള്ള വിളയിറക്കല്‍ ആണെന്നും മത സംഘടനകള്‍ പച്ചയായി വിളിച്ചു പറഞ്ജീട്ടും തന്റെ ഉദ്യമവുമായി മുന്നോട്ടു തന്നെ പോകാന്‍ കാന്തപുരതിനെ പ്രേരിപ്പിച്ചത് സമൂഹത്തില്‍ താന്‍ നേടിയെടുത്ത അപ്രമാദിത്വമാണ്.



പരസ്പരം വാദ പ്രതിവാധങ്ങളില്‍ അഭിരമിച്ചു സമയം കളയുന്ന മതസംഘടനകള്‍ സമൂഹത്തിനെ ബോധവല്‍ക്കരിക്കുന്ന കാര്യത്തില്‍ തികഞ്ഞ പരാജയമാണ് ! തങ്ങളുടെ ഇഷ്ട വിഷയങ്ങളില്‍ സ്പെഷലൈസ് ചെയ്തു വേണ്ടതിനും, വേണ്ടാതതിനുമൊക്കെ മൈക്കെടുത്ത് പരസ്പരം ഗീര്‍വാനമാടിച്ചു തങ്ങളുടെ അനുയായികളുടെ കയ്യടിയില്‍ കോരിതരിക്കുകയാണ് മുജാഹിദ്-ഇതര സുന്നി വിഭാഗങ്ങള്‍ ! ഫ്ലെക്സുകളും, ക്ളിപ്പിങ്ങുകളും, സിഡികളും ഒക്കെ തങ്ങളുടെ "മത കാഴ്ചപാടുകള്‍" എന്ന നിലയില്‍ ബോധ-ചിന്താ മന്ധലത്തില്‍ കുത്തി നിറച്ചു പരസ്പരം വൈരം സൃഷ്ടിക്കുക മാത്രമാണ് ഈ "മത സേവനങ്ങളുടെ", "സംഘടനകളുടെ " സമൂഹത്തിലെ ബാക്കി പത്രം !! തങ്ങളുടെ എതിരാളികള്‍ക്ക് നേരെ പരിഹാസ ഭാഷ പ്രയോഗതിലൂടെയുള്ള അവതരണത്തിലൂടെ കലാഭവന്‍ മിമിക്സ് പരെടുകളെ തോല്‍പ്പിക്കുന്ന രൂപത്തിലാണ് പൊതു സമൂഹത്തില്‍ "പണ്ഡിത സംവാദങ്ങള്‍" നടന്നു വരുന്നത്. അനുയായികളെ അതൊക്കെ കേട്ടു രസിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചു എന്നതാണ് ഈ സംഘടനകളുടെ "വിജയം" ! അവിടെ ഈ മുടിയും ഒരു ഹാസ്യ സംവാദതിനപ്പുറം ഒരു ഗൌരവമായ ബോധാവല്‍ക്കരനതിലേക്ക് മാറിയില്ല എന്നതാണ് സത്യം ! തങ്ങളുടെ മുന്നില്‍ വീണു കിട്ടിയ ഒരു മുടിയെ പോലും സമൂഹം എത്തിപെട്ട വിശ്വാസ അപചയതിനെതിരെ ഉപയോഗിക്കാന്‍ കഴിയാത്തത്ര ദുര്‍ബ്ബലമാണ് "മത സംഘടനാ നേതൃത്വങ്ങള്‍ "!



പട്ടിക്കും, പൂച്ചക്കും എന്ന് വേണ്ട എല്ലാത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട്. അതിജീവനത്തിന്റെ മേഖലയാണ് രാഷ്ട്രീയം എന്നത് ! ആത്മീയതക്കുമുണ്ട് അതിന്റേതായ രാഷ്ട്രീയം ! സമൂഹത്തില്‍ നിലകൊള്ളുമ്പോള്‍ തന്നെ സാമൂഹിക ജീവിതത്തിന്റെ പൊതു മേഖലയില്‍ നിന്നും ഉള്‍വലിയുന്ന വ്യക്തിത്വങ്ങള്‍ ആണ് തങ്ങള്‍ വളര്‍ന്നു വന്ന ചുറ്റുപാടിന്റെ പ്രേരണയില്‍ ആത്മീയത എന്ന സ്പെസിലേക്ക് മാറ്റപെടുന്നത്‌. തങ്ങളുടെ അതിജീവനത്തിനു ആത്മീയത എങ്ങിനെ ഉപയോഗപെടുതാം എന്നതാണ് പൌരോഹിത്യത്തിന്റെ അതിജീവന രാഷ്ട്രീയം ! ഭൌതിക പ്രയോജനങ്ങളെ പരമാവധി ഉപയോഗപെടുത്തുന്ന രീതിയില്‍ അനിവാര്യമായ രാഷ്ട്രീയത്തിന്റെ മേഖലകളില്‍ തങ്ങളുടെ കൈകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു എന്നിടത്താണ് നവആത്മീയതയുടെ പ്രധിനിധാനങ്ങള്‍ ! ആത്മീയ ഘോഷണം നടത്തി സമൂഹത്തെ നിഷ്ക്രിയമാക്കുംപോള്‍ തങ്ങളുടെ ആത്മീയ "പ്രഭാവത്തിന്" മുമ്പില്‍ രൂപ പെടുന്ന സമൂഹത്തെ കണ്ടു അവര്‍ക്ക് മേല്‍ തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കാനുള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ ആണ് വിശ്വാസത്തിന്റെ ലേബലില്‍ പുറത്തു വരുന്നത്. സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ തങ്ങളുടെ "ഇരിപ്പിടങ്ങള്‍" സുരക്ഷിതമല്ല എന്ന തിരിച്ചറിവില്‍ അന്ന് ഭൌതികമെന്നു അകറ്റി നിര്തപെട്ടിരുന്ന മേഖലകളില്‍ കൈവെച്ചു കൊണ്ടു പുതിയ മേച്ചില്‍ പുരങ്ങളിലേക്ക് ആത്മീയത പറിച്ചു നടപെടുന്നത്. എല്ലാ മേഖലയിലും ഉപയോഗപെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തം പോലും "തങ്ങളുടെ" ആത്മീയ ഗവേഷണ വിഷയങ്ങളില്‍ തോട്ടുകൂടാതതായിരിക്കെ, അതിനെയൊക്കെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആത്മീയതയുടെ രാഷ്ട്രീയം തങ്ങളുടെ നിലനില്പ്പല്ലാതെ മറ്റെന്താണ്. കടല് കടത്തി മുടി കൊണ്ടു വന്നു സ്ഥാപിക്കുന്ന വന്‍ കെട്ടിട സമുച്ചയവും, അവിടെ ഉപയോഗിക്കപെടുന്ന ആധുനിക സൌകര്യങ്ങളും എല്ലാം തങ്ങളുടെ "ആത്മീയത" ക്ക് ഇക്കാലം വരെ വേണ്ടാത്ത ഗവേഷണ-വിജ്ഞാന മേഖലകള്‍ ആണെന്ന് ജല്പ്പിചിരുന്നവര്‍ ആണ് അതിന്റെ വക്താക്കളായി മാറുന്നതെന്ന പരിഹാസ്യതയാണ് ഒരേ സമയം ആത്മീയതയിലെ വിശുദ്ധ-മുടിയും, അതിന് ചുറ്റും ഉയരുന്ന പ്രോജെക്ടിന്റെ പേര് സൂചിപ്പിക്കുന്ന ആധുനിക നോളെജ് സിറ്റിയും !



പ്രവാചകനെ ഇസ്ലാമിക സമൂഹം ബഹുമാനിക്കുന്നുന്ടെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല ! ബഹുമാനത്തെ ആരാധന രീതിയിലേക്ക് വഴി തിരിച്ചു വിടുന്ന പുരോഹിത ആത്മീയതയെ എതിര്‍ക്കുന്നിടതാണ് മുടിയും എതിര്‍ക്കപെടുന്നത് ! പ്രവാചക ജീവിതം അടയാളപെടുത്തിയ മേഖലകള്‍ തൌഹീദിന്റെ പിന്‍ബലത്തില്‍ സമൂഹത്തിലെ അനിവാര്യമായ ഇടപെടലുകള്‍ ആയിരുന്നു എന്ന തിരിച്ചറിവ് സമൂഹത്തിനു നഷ്ടപെടുത്തി എന്നതാണ് രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക ജീവിതത്തില്‍ നിന്നും അകന്നു നിന്ന പുരോഹിത വര്‍ഗ്ഗം ചെയ്തത്. തങ്ങളുടെ നിഷ്ക്രിയമായ ചിന്തകള്‍ക്കുള്ള ഇരിപ്പിടം എന്ന രീതിയിലാണ് ആത്മീയതയെ തെളിവാര്‍ന്ന ശുഭ്ര വസ്ത്രത്തില്‍ അവതരിപ്പിച്ചത്. നിത്യ ജീവിതത്തില്‍ തന്റെ കൈകള്‍ ഇടപെടാത്ത മേഖലകള്‍ ഇല്ലെന്നു വരും തലമുറയ്ക്ക് മാതൃക കാണിച്ചു പ്രഖ്യാപിച്ച ഒരു പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് അദ്ധേഹത്തിന്റെ മുടി നല്‍കുന്ന ദര്‍ശന പുണ്യതിലൂടെയാണെന്ന് പുരോഹിതര്‍ അവതരിപ്പിക്കുമ്പോള്‍ അത്‌ വിശ്വസിക്കുന്ന അനുയായികലാകാന്‍ മാത്രം "വൈജ്ഞാനിക പുരോഗതി" നേടിയിട്ടുള്ളൂ എന്നാണ് അതിന്റെ പിറകില്‍ ക്യൂ നില്‍ക്കുന്ന ഒരു സമൂഹം വിളിച്ചു പറയുന്നത്. ഒരു സമൂഹത്തിനു അവര്‍ അര്‍ഹിക്കുന്ന നേതൃത്വമേ ലഭിക്കുകയുള്ളൂ എന്ന നബി വചനത്തിനു അടിവരയിടുന്നതാണ് നവ ആത്മീയ പൌരോഹിത്യങ്ങളെ നിലനിര്‍ത്തുന്ന സമൂഹം.വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തിനെ ചൂഷണം ചെയ്യപെടുന്ന പ്രവണത ആരില്‍ നിന്നായാലും അത്‌ സമൂഹത്തിന്റെ ബൌധികപരമായ മുന്നേറ്റത്തെ പിറകോട്ടു നയിക്കുക മാത്രമേ ചെയ്യുകയുള്ളൂ. പ്രവാചകനെയും, അധ്യാപനങ്ങളെയും ഒരു ഉന്നതമായ മാതൃക സാമൂഹിക സൃഷ്ടിക്കു സമര്‍പ്പിക്കുകയാണ് പണ്ഡിതര്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷെ ഒരു പാരമ്പര്യ മതസമൂഹത്തിന്റെ "മത നേതാവെന്ന" രീതിയില്‍ പ്രവാചകനെ പരിമിതപെടുത്തി, അനുയായികള്‍ക്ക് പുണ്യം ലഭിക്കാന്‍ തിരുശേഷിപ്പ് പ്രതിഷ്ടിച്ചു ആത്മ സായൂജ്യം അടയുകയാണ് പൌരോഹിത്യം.



ഭരണ കൂടങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്ന സാമൂഹിക ഇടപെടലുകളില്‍ നിന്നും മനുഷ്യനെ അകറ്റി നിര്‍ത്തുക എന്ന കര്‍ത്തവ്യമാണ് പുരോഹിതര്‍ എക്കാലവും ചെയ്യുന്നത്. ഒരു പരിധിവരെ ഭരണ കൂടങ്ങള്‍ക്ക് കുറെയൊക്കെ തലവേദന ഒഴിവാക്കി കിട്ടുന്നതില്‍ ഈ മേഖലയുടെ സജീവത പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക വിഷയങ്ങളില്‍ തങ്ങളുടെ ചിന്താ ദാരിദ്ര്യം മറച്ചു വെച്ചു തങ്ങളുടെ അനുയായികള്‍ അത്തരം മേഖലകളില്‍ നിഷ്ക്രിയമാകുന്ന ആത്മീയതയാണ് സമൂഹത്തില്‍ കണ്ടു വരുന്നത്. തങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും ധ്യാന , ആത്മീയ കേന്ദ്രങ്ങളിലും, ആള്‍ദൈവ കേന്ദ്രങ്ങളിലും സമര്‍പ്പിച്ചു ഇരിക്കുന്ന കാഴ്ചകളുടെ മറ്റൊരു "ഇസ്ലാമിക പരിച്ചേദം" കൂടി വിശുദ്ധം മുടിയിലൂടെ രംഗ പ്രവേശം ചെയ്യുകയാണ്. ശരിയായ ദൈവിക വിശ്വാസ-അടിസ്ഥാനത്തിന്റെ അഭാവവും, അജ്ഞതയുമാണ് ഇത്തരം ആത്മീയ നേതൃത്വങ്ങളുടെ പിന്‍ബലം ! രാഷ്ട്രീയ രസതന്ത്രങ്ങള്‍ വരെ തോറ്റു പോകുന്ന, അല്ലെങ്കില്‍ രാഷ്ട്രീയത്തെ വരെ കൈപിടിയിലോതുക്കാവുന്ന തലത്തിലേക്ക് തങ്ങളുടെ സാമ്രാജ്യത്തിലെ ആസ്തികളും, അനുയായികളും വളരുമ്പോള്‍ പ്രവാചകന്‍ നിലകൊണ്ട ചൂഷനങ്ങല്‍ക്കെതിരെ, അസമത്വങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ, അഴിമതിക്കെതിരെ സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന മാനവിക രാഷ്ട്രീയത്തിന് നേരെ കൊഞ്ഞനം കുത്തുന്നു എന്നതാണ് വിശുദ്ധ മുടിയുടെ ആത്മീയതയുടെ രാഷ്ട്രീയം.



ജാതി പറയരുത്, ചോദിക്കരുത് എന്ന് ഗുരു വചനം പോലെ, മുടിയുടെ ആധികാരികത ചോദിക്കരുത് എന്നാണ് അതിന്റെ വക്താക്കള്‍ പറയുന്നത് ! അങ്ങിനെ ചോദിച്ചാല്‍, സംശയിച്ചാല്‍ അവര്‍ വിശ്വാസത്തില്‍ നിന്നും പുറത്തു പോകുമത്രേ ! മുടി ഒറിജിനല്‍ ആണെങ്കില്‍ നിഴല്‍ ഉണ്ടാകുകയില്ലെന്നും, കത്തിച്ചാല്‍ കത്തുകയില്ലെന്നുമൊക്കെ ആധികാരികത പരിശോധിക്കാനുള്ള മാര്‍ഗമായി പണ്ഡിത വൃന്ദം പറയുമ്പോള്‍ അങ്ങിനെ ചെയ്യുന്നത് പോലും ശരിയല്ലെന്നും, സംശയിക്കാന്‍ പാടില്ലെന്നും യാതൊരു സങ്കോചവുമില്ലാതെ സമൂഹത്തില്‍ വിളിച്ചു പറയുന്നു. ആത്മീയ ചൂഷണങ്ങളുടെ കേളീ ഗൃഹമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യം ബോധ്യപെടുതുന്നതിനു തയ്യാറാകാത്ത പുരോഹിത നേതൃത്വത്തിന്റെ "മനകട്ടിയില്ലാത്ത വിശ്വാസം" മുടി പരീക്ഷണം ഒരു പാഴ്വേലയാകും എന്ന തിരിച്ചറിവാണ്. ആത്മീയ തട്ടിപ്പുകളുടെ ലിസ്റ്റിലേക്ക് പ്രവാചക സ്നേഹത്തെ ഭൌതികമായി വ്യാഖ്യാനിച്ചു പ്രാദേശിക പൌരോഹിത്യം - ദര്‍ശന പുന്യമെന്ന ലേബലില്‍ അറബി അകമ്പടിയോടു ഒരു "മുടി" കൂടി സ്ഥാപിക്കുകയാണ്. അന്ധവിശ്വാസത്തിനും, അനാചാരത്തിനും, പൌരോഹിത്യതിനും എതിരെ നിലകൊണ്ട ഒരു പ്രവാചകന്‍ പിന്നീട് പുരോഹിതരാല്‍ തന്നെ ഇരയാക്കപെടുന്നു എന്ന വൈരുധ്യമാണ് തിരുശേഷിപ്പിന്റെ പ്രതിഷ്ടയിലൂടെ വിളിച്ചു പറയുന്നത്. ഹൈ ടെക് സംവിധാനവും, അംബര ചുംബികളായ കെട്ടിടങ്ങളും ഉയര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ, വിദ്യ നേടിയത് കൊണ്ടു മാത്രം സാമൂഹിക ബോധം ഉണ്ടാകാനുള്ള തിരിച്ചറിവ് ലഭിക്കില്ലെന്ന സത്യമാണ് സാക്ഷരതയില്‍ ഒന്നാമാതെന്നു അവകാശപെടുന്ന സമൂഹത്തില്‍ മുളച്ചു പൊന്തുന്ന അന്ധവിശ്വാസങ്ങളുടെ പുതിയ മാര്കട്ടുകള്‍ തെളിയിക്കുന്നത്. അങ്ങിനെയൊരു തിരിച്ചറിവ് ഉണ്ടായിരുന്നുവെങ്കില്‍ ""പ്രവാചകന്റെ മുടി കണ്ടാല്‍ എന്ത് ദര്‍ശന പുണ്യം"" എന്ന ഇസ്ലാമിക സമൂഹത്തിന്റെ ഒരൊറ്റ ചോദ്യത്തിന് മുമ്പില്‍ പൌരോഹിത്യം വരിഞ്ഞു മുറുക്കിയ ചങ്ങലകെട്ടുകള്‍ പൊട്ടുമായിരുന്നു !

2 അഭിപ്രായങ്ങൾ:

..naj പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
..naj പറഞ്ഞു...

ദേ ഞമ്മക്കൊരു മെഡിക്കല്‍ കോളേജ് എന്ന് കൈപിടിയില്‍ വന്ന കമാലിയ, ഒന്ന് ശ്വാസം വിടൂ എന്ന് പോലും വിശ്വാസികളോട് പറയാന്‍ നില്‍ക്കാതെ പിറകു വശത്ത് കൂടി പെട്ടിയുമെടുത്ത് പോയപ്പോള്‍ പിന്നെ കേട്ടത് മനുഷ്യരെ മുഴുവന്‍ എങ്ങിനെ "കുരിശിന്റെ" വഴിയെ നടത്താം എന്ന "ബിലിവേര്സ് ചര്ചിനെ" അനുഗ്രഹത്തിന്റെ "ഹോള്‍സെയില്‍ എജെന്റ് കോളേജ് കൊടുത്ത് അനുഗ്രഹിചെന്നാണ് ! മുടി കയ്യില്‍ ഉണ്ടായിട്ടും, പ്രവാചകന്റെ സ്വപ്ന ദര്‍ശനം ഉണ്ടെന്നു പറഞ്ജീട്ടും, പടച്ചോന്റെ അനുഗ്രഹം ഉണ്ടെന്നു മൌലീട് നടതീട്ടും ഒരു മെഡിക്കല്‍ കോളെജിനു അനുഗ്രഹം കിട്ടാതെ പോയത് എന്ത് കൊണ്ടായിരിക്കാം !

എല്ലാത്തിനും സൊലൂഷന്‍ ആയി വിശുദ്ധ മുടി ഉണ്ടെങ്കില്‍ എന്തിനു മെഡിക്കല്‍ കോളേജ് !! എന്ന ദീര്‍ഘ വീക്ഷണം ആയിരിക്കുമോ !!! ഈ "ബുദ്ധിപരമായ " നോളെജ് നഗരമായി മാറ്റുന്ന മുടിയിലൂടെ പൊന്തി വന്നത് !!

അതോ ആധുനിക-ഭൌതിക കാര്യങ്ങളിലൊന്നും അനുഗ്രഹത്തിന് എന്ട്രി ഇല്ലെന്നാണോ. എങ്കില്‍ നോളെജ് സിറ്റിയും കമാലിയയുടെ വഴിക്ക് പോകും ! മുടി മാത്രം ബാക്കിയാകും !
പാവം വിശ്വാസികള്‍